ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധിക്കാനെത്തി കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് സാമൂഹ്യപ്രവർത്തകൻ സോനം വാങ് ചുക്ക്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമോ പദയാത്രയോ നടത്തുമെന്നും സോനം വാംഗ് ചുക്ക് പറഞ്ഞു. നേരത്തെ, മുൻ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സോനം വാംഗ് ചുക്ക് നിരാഹാര സമരം നടത്തിയിരുന്നു.
ഇന്ന് രാവിലെയാണ് ജന്തർ മന്തറിലേക്ക് കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച മാർച്ച് സർവ്വ സന്നാഹങ്ങളുമായി ഡൽഹി പൊലീസ് തടഞ്ഞത്. മാർച്ചിനെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് രാൻക, സൗരവ് ദാസ് എന്നിവരെ വിമാനത്തിനുള്ളിൽ നിന്നും നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിനെതിരെ സിജെപി കോടതിയെ സമീപിച്ചു. ജന്തർമന്തറിലേക്ക് തിരിച്ച മൂവായിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് പല സ്ഥലങ്ങളിൽ കസ്റ്റഡിയിൽ എടുത്തിരുന്നു.